21/07/2026
ലോകകപ്പ് ഫൈനൽ കഴിഞ്ഞ് നമ്മൾ ഉറങ്ങാൻ കിടന്ന ആ പകലിൽ തന്നെയാണ് ഡൽഹിയിലെ ജന്തർ മന്ദറിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളെ പോലീസ് അതിക്രൂരമായി തല്ലിച്ചതച്ചത്. സെൻട്രൽ ഡൽഹിയിലെ ഇന്റർനെറ്റ് വിച്ഛേദിച്ചും മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടിയും ഭരണകൂടം തീർത്ത ഉപരോധങ്ങളെ വകഞ്ഞുമാറ്റിയാണ് വിദ്യാർത്ഥികൾ പാർലമെന്റിലേക്ക് മാർച്ച് ചെയ്തത്. അടി കൊണ്ടു തലപൊട്ടി ചോരയൊലിപ്പിക്കുന്ന വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മുഖ്യധാരാ മാധ്യമങ്ങൾ അപ്പാടെ അവഗണിച്ച, ഗോദി മീഡിയകൾ വളച്ചൊടിച്ച ആ സമരത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത് വിദ്യാർത്ഥികളുടെ സ്വന്തം സോഷ്യൽ മീഡിയ ഹാൻഡിലുകൾ മാത്രമാണ്.
കേരളത്തിന് പുറത്തുള്ള ഒട്ടുമിക്ക സുഹൃത്തുക്കളും ഏറ്റവും ചുരുങ്ങിയത് ഈയൊരു സമരത്തെക്കുറിച്ച് കൃത്യമായി aware ആണ്. അവർ നിരന്തരം വിവരങ്ങൾ പങ്കുവെക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, ഇവിടെ നമ്മുടെ നാട്ടിലെ അവസ്ഥയോ?
തങ്ങളുടെ ഇഷ്ട താരങ്ങളെയും ടീമിനെയും വാഴ്ത്തിപ്പാടാനും ലോകകപ്പിലെ ഓരോ നിമിഷവും വാട്സ്ആപ്പിലും എഫ്ബിയിലും ഇൻസ്റ്റഗ്രാമിലും സ്റ്റാറ്റസ് ആക്കാനും മത്സരിച്ച മലയാളി സുഹൃത്തുക്കളിൽ ഭൂരിഭാഗവും ഡൽഹിയിലെ ഈ ചോരക്കളത്തെക്കുറിച്ച് അറിഞ്ഞിട്ടുപോലുമില്ല എന്നതാണ് സത്യം. രാഷ്ട്രീയമായി വലിയ ബോധമുണ്ടെന്ന് ഞാൻ കരുതിയ, 'ചിന്തിക്കുന്ന' പലർക്കും ഈ സമരം എന്താണെന്ന് പോലും കൃത്യമായി അറിയില്ല. നമ്മൾ ഊറ്റം കൊള്ളുന്ന ഈ 'മലയാളി പ്രബുദ്ധത' പല നേരത്തും എത്രത്തോളം വ്യാജമാണെന്ന് തിരിച്ചറിയാൻ ഇതിലും വലിയൊരു ഉദാഹരണം വേണ്ട.
നമ്മുടെ വിദ്യാഭ്യാസ മന്ത്രിയുടെ ഒഫീഷ്യൽ പേജിൽ കയറി നോക്കി. ലോക ചാമ്പ്യന്മാർക്കുള്ള വലിയൊരു അഭിനന്ദന പോസ്റ്റർ അവിടെ തിളങ്ങി നിൽപ്പുണ്ട്. എന്നാൽ രാജ്യത്താകമാനം, പ്രത്യേകിച്ച് കേരളത്തിലുൾപ്പെടെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിച്ച നീറ്റ്, നെറ്റ് ചോദ്യപ്പേപ്പർ ചോർച്ചകൾക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ നടന്ന ഭരണകൂട ഭീകരതയെക്കുറിച്ച് ഒരക്ഷരം അതിലില്ല.
സ്ക്രീനിലെ ഗോളുകൾക്ക് കയ്യടിക്കുന്നതിനിടയിൽ തെരുവിൽ സ്വന്തം അവകാശങ്ങൾക്ക് വേണ്ടി ചോരയൊഴുക്കുന്ന തലമുറയെ കണ്ടില്ലെന്ന് നടിക്കുന്ന ഈ വ്യാജ നിർമ്മിതിയെ ലജ്ജയോടെയല്ലാതെ നോക്കിക്കാണാനാകില്ല.