15/01/2026
അങ്ങനെ ഒരിക്കൽ കൂടി മീശപ്പുലിമല എന്ന സ്വർഗ്ഗത്തിലേക്ക്....
2017 ലാണ് ഞാനും രാജേഷും ബിനീഷും രാഹുലും ശ്രീക്കുട്ടനും ഉൾപ്പെടുന്ന ടീം ആദ്യമായി മീശപ്പുലിമലയ്ക്ക് പോയത്... അന്ന് സൂര്യനെല്ലിയിൽ താമസിച്ചു അതിരാവിലെ എണീറ്റു ജീപ്പിൽ സഞ്ചരിച്ചു കൊളുക്കുമല ചെന്ന് സൂര്യോദയം കണ്ട ശേഷം 100 രൂപ ടിക്കറ്റ് എടുത്താണ് മീശപ്പുലിമലയ്ക്ക് പോയത്... ശ്വാസംമുട്ടി പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരും എന്ന് ചിന്തിച്ച യാത്രയായിരുന്നു അത്....
എന്നാൽ പതിയെ പതിയെ നടന്നും നിന്നും ഇരുന്നും വിശ്രമിച്ചും ഒടുവിൽ ഭംഗിയായി ലക്ഷ്യം കണ്ടു മടങ്ങി അന്ന്....
അതേ യാത്ര തന്നെ ആകും ഇതും എന്ന് പ്രതീക്ഷിച്ചാണ് ഞാൻ ഇറങ്ങിയത്. എന്നാൽ ട്രക്കിങ് എന്നത് എന്താണ് എന്ന് വ്യക്തമായും മനസ്സിലാക്കിതന്ന യാത്രയായിരുന്നു ഇത്....
കൊട്ടാരക്കര കെ എസ് ആർ ടി സി യുടെ ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന മീശപ്പുലിമല യാത്രയിൽ സ്ഥിരമായി യാത്ര ചെയ്യുന്ന കുറച്ചുപേരെ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നും അതുകൊണ്ട് എന്റെ പേര് കൂടി കൊടുത്തിട്ടുണ്ടെന്നും ദിവ്യ ടീച്ചർ അറിയിച്ചു. ആദ്യം പിന്മാറാൻ വിചാരിച്ചു എങ്കിലും ഈ യാത്ര നടക്കണം എന്ന ദിവ്യ ടീച്ചറിന്റെയും കൈരളി മാഡത്തിന്റെയും ആഗ്രഹത്തിന് ഒപ്പം നിൽക്കാനാണ് മനസ്സ് പറഞ്ഞത്. അങ്ങനെ പോകാൻ തന്നെ തീരുമാനിച്ചു...
നിരന്തരമായ എസ് ഐ ആർ ജോലിയും അതിനോട് അനുബന്ധിച്ചു വന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും ഒന്നിച്ചു വന്നപ്പോൾ ഉണ്ടായ ചില ആരോഗ്യപ്രശ്നങ്ങൾ കൂടി ആയപ്പോൾ യാത്ര മുടങ്ങുമോ ഇനി അഥവാ പോയാൽ തന്നെ ട്രെക്കിങ് പൂർത്തിയാക്കാൻ കഴിയുമോ എന്ന ആശങ്കയും പിന്മാറാൻ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു... പണമടച്ച സാഹചര്യത്തിൽ മറ്റു വഴികൾ ഇല്ലാത്തതിനാൽ ഒടുവിൽ രണ്ടും കല്പിച്ചു പോകാൻ തന്നെ പുറപ്പെട്ടു.
എല്ലാം ശരിയാകും എന്ന് ഞാൻ ഇടയ്ക്കിടെ മനസിനെ പറഞ്ഞ് പഠിപ്പിക്കുന്നുണ്ടായിരുന്നു...
പുലർച്ചെ മൂന്ന് മണിക്ക് വീട്ടിൽ നിന്നും പുറപ്പെട്ടു. വഴിയിൽ നിന്നും റീജയേം ഒപ്പം കൂട്ടി. 4.15 ഓടെ കൊട്ടാരക്കര കെ എസ് ആർ ടി സി ഡിപ്പോയിൽ എത്തി. ഓരോരുത്തരും എത്തുന്നേ ഉള്ളൂ. 4 30 നാണു പുറപ്പെടാൻ പ്ലാൻ ചെയ്തിരുന്നത് എങ്കിലും 5 മണി ആയി യാത്ര തുടങ്ങുമ്പോൾ...
സൂപ്പർ ഡീലക്സ് എയർ ബസ് ആണ്. സെമി സ്ലീപ്പർ സീറ്റ് ഉള്ളത്. രാജീവ് സാറാണ് സാരഥി... കോർഡിനേറ്റർ മനോജ് സാറാണ് എങ്കിലും കൊട്ടാരക്കര ബി. റ്റി. സി. യുടെ അമരക്കാരൻ മനു സാറും ഈ യാത്രയിൽ പങ്കെടുക്കുന്നുണ്ട്....
എന്റെ അഞ്ചാം നമ്പർ സീറ്റ് അലക്സാണ്ടർ സാറിന് കൈമാറി ഞാൻ പിന്നിലേക്ക് ഒരു വിൻഡോ സീറ്റ് കയ്യേറി ബാഗു വച്ചു...
കുറച്ചുപേർ വിവിധയിടങ്ങളിൽ നിന്നായി കൂടെ കൂടി മനോഹര നിമിഷങ്ങൾ പങ്കുവെച്ചു ആർത്തുല്ലസിച്ചു മുന്നോട്ട്....
പരിചയപ്പെടുത്തൽ ആരംഭിച്ചു. ഓരോരുത്തരെ പറ്റിയും വിശദമായി തന്നെ മനോജ് സാർ introduce ചെയ്യുന്നുണ്ട്. അത്രയും യാത്രകളെ സ്നേഹിക്കുന്ന, സ്ഥിരമായി ആനവണ്ടി യാത്രയിൽ പങ്കാളികളാകുന്ന, ചിരപരിചിതരാണ് എല്ലാവരും.... മുൻപ് പലപല യാത്രകളിൽ കണ്ടുമുട്ടിയ നിരവധി പേരുണ്ട്.... റീജ, ദിവ്യ ടീച്ചർ, കൈരളി മാഡം, ലീന ചേച്ചിയും മോനും, സുരേഷ് ബാബു സാർ, റെജി സാർ, രാധാകൃഷ്ണൻ സാർ അങ്ങനെ പലരും....
പരിചയപ്പെടൽ കഴിഞ്ഞു...
ദിവ്യ ടീച്ചറിന്റെ മാസ്റ്റർപീസ് ഐറ്റം "കാറ്റേ നീ വീശരുതിപ്പോൾ...." ൽ തുടങ്ങിയ സംഗീത വിരുന്നിൽ സുരേഷ് സാറിന്റെ മനോഹര ഗാനങ്ങളും ഗീതു മാഡത്തിന്റെ മധുര ഗീതങ്ങളും ആസ്വദിച്ചു മുന്നോട്ട്... മൂവാറ്റുപുഴക്ക് അടുത്ത് എത്തി പ്രഭാത ഭക്ഷണം കഴിച്ച് യാത്ര തുടർന്നു.... ചടുല താളത്തിന് ഒപ്പിച്ചു ചുവടുകൾ വച്ചു സന്തോഷ നിമിഷങ്ങളുടെ ഭാഗമായി... ഹർഷകുമാർ സാറിന്റെ ബ്രേക്ക് പൊട്ടിയ ബ്രേക്ക് ഡാൻസ്.... അദ്ദേഹത്തിന്റെ മുഖത്തു മിന്നി മറഞ്ഞ ഭാവങ്ങൾ അതിലേറെ മനോഹരം....
നേര്യമംഗലം കഴിഞ്ഞു പെരിയാറിനു കുറുകെ നിർമ്മിച്ചിട്ടുള്ള ആർച്ച് പാലവും കടന്നു കാട് കയറുകയാണ്... വളഞ്ഞും തിരിഞ്ഞും പോകുന്ന പാതകൾ പിന്നിട്ട് ചീയപ്പാറ വെള്ളച്ചാട്ടം വണ്ടിയിൽ ഇരുന്നു കണ്ടു മുന്നോട്ട്.... അടിമാലിയും പള്ളിവാസലും നമുക്ക് പിന്നിലായി. തേയില തോട്ടങ്ങളും മനോഹര താഴ്‌വാരവും ഇളം തണുപ്പും നമ്മെ വരവേറ്റു.... മനു സാർ മൈക്ക് കയ്യിലെടുത്തു മീശപുലിമല യാത്രയെ കുറിച്ചും മുൻ യാത്രകളിലെ അനുഭവങ്ങളെ കുറിച്ചും വിശദമായിതന്നെ വിവരിച്ചുതന്നു....
അതുകേട്ടപ്പോൾ എനിക്ക് ഉറപ്പായി ഇത് ഞാൻ കണ്ടിട്ടുള്ള മീശപ്പുലി മലയല്ല എന്ന്... പതിനൊന്നരയോടെ മൂന്നാർ എത്തി.... അവിടെ റോസ് ഗാർഡന് സമീപത്തുള്ള റിപ്പിൾ ഔട്ട്ലെറ്റിന് സമീപത്ത് ബസ് നിർത്തി എല്ലാവരും ഇറങ്ങി... ഇവിടുന്നു ഇനി ജീപ്പിൽ ആണ് മീശപുലിമല ബേസ് ക്യാമ്പിലേക്ക് പോകുന്നത്. ഏകദേശം 24 കിലോമീറ്റർ ഉണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.
റോസ് ഗാർഡനു സമീപം ജീപ്പുകൾ തയ്യാറാണ് എന്ന് അറിയിപ്പ് വന്നു. റോസ് ഗാർഡനിലെ മനോഹരമായ പൂക്കൾക്കിടയിലൂടെ, പ്രത്യേകം തയ്യാറാക്കിയ ചെടികളുടെ വർണ്ണ വസന്തത്തിനരുകിലൂടെ നടന്ന് പാർക്കിങ്ങിൽ എത്തി. ഓരോരുത്തരായി ജീപ്പുകളിലേക്ക് കയറി.
യാത്ര ആരംഭിച്ചു.
എത്ര ഭംഗിയാണ് മൂന്നാറിലെ തേയില തോട്ടങ്ങൾക്ക്... വരിയൊപ്പിച്ചു നിരയൊപ്പിച്ചു മലനിരകൾക്ക് മീതെ പച്ചവിരിപ്പിട്ട് നീണ്ടു നിവർന്നു കിടക്കുകയാണ് അവ. തേയില നുള്ളുന്ന സ്ത്രീകൾ, വിറകു ശേഖരിച്ചു മടങ്ങുന്നവർ, തേയില കൊളുന്ത് കൊണ്ട് പോകാൻ ഉപയോഗിക്കുന്ന ട്രക്കുകൾ അവിടവിടെ നിർത്തിയിട്ടിരിക്കുന്നു. തേയില ഫാക്ടറികൾ, തോട്ടം തൊഴിലാളികൾ താമസിക്കുന്ന പതിറ്റാണ്ടുകളുടെ പഴമയും പരിമിതികളും പേറുന്ന ലയങ്ങൾ, ഇടയ്ക്കിടെ കാണുന്ന കുഞ്ഞു കുഞ്ഞു കടകൾ, ഗ്രാമങ്ങൾ, ചെറു കവലകൾ, പശുക്കൾ മേഞ്ഞു നടക്കുന്ന പുൽതകിടികൾ, തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കെട്ടിയ കൊടിതോരണങ്ങൾ, തമിഴും മലയാളവും കലർന്ന പോസ്റ്ററുകൾ ചുവരെഴുത്തുകൾ, ഫ്ലെക്സ് ബോർഡുകൾ അങ്ങനെ കാഴ്ചയുടെ വിസ്മയം തീർത്ത് പായുകയാണ് ജീപ്പ്.
മൂന്നാറിലെ സൈലന്റ് വാലി. പച്ചവിരിപ്പിട്ട പുൽത്തകിടിക്ക് അപ്പുറം നിറയിട്ട് നിൽക്കുന്ന യുക്കാലി മരങ്ങൾ. അവക്ക് മീതെ മാനം മുട്ടി നിൽക്കുന്ന മലമടക്കുകൾ... അതിനു മുകളിൽ മൂടിയ കോട മഞ്ഞ്.
ടാറിട്ട വഴികൾ അവസാനിച്ചു. കല്ല് പാകിയ ചെമ്മൺ പാതകളിലൂടെ ആടിയുലഞ്ഞ് യാത്ര തുടർന്നു. വശങ്ങളിൽ തേയില ചെടികൾ... ആകാശത്തിന് മീതെ
ഉയർന്നു വരുന്ന മലകൾക്ക് മുകളിൽ കോട കൂടിയിരിക്കുന്നു. തേയിലത്തോട്ടങ്ങൾക്കപ്പുറം യുക്കലിപ്റ്റസ് മരങ്ങൾ നിറഞ്ഞ കാട്, അകലെ കാണുന്ന പാറക്കെട്ടിനു നടുവിലൂടെ നേർത്ത അരുവി താഴേക്ക് പതിക്കുന്നു... കാഴ്ചകൾ വിവരണാതീതം.
വനത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു... കുറച്ചു മുകളിലായി ചുവന്ന നിറത്തിലുള്ള ടെന്റുകൾ ദൃശ്യമാവുന്നുണ്ട്.
അധികാദൂരമില്ല അങ്ങോട്ടേത്താൻ...
ഒന്നരയോടെ മീശപുലിമല ബേസ് ക്യാമ്പിൽ എത്തി. ചുവന്ന നിറത്തിലുള്ള ഇരുപതോളം ടെന്റുകൾ...
ചുറ്റിനും സോളാർ ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ട്.
കയറിചെല്ലുന്ന ഭാഗത്താണ് പ്രധാന കെട്ടിടം. ഭക്ഷണം പാകം ചെയ്യലും കഴിക്കലും ഓഫീസും എല്ലാം അവിടെയാണ്.
പ്രധാന കെട്ടിടത്തിന്റെ പിന്നിൽ മുകൾവശത്തായി നീല നിറത്തിലുള്ള കുറച്ചു ടെന്റുകൾ കൂടിയുണ്ട്. വിദേശികളും പ്രൈവറ്റ് പാക്കേജുകളിൽ വരുന്നവരും ഒക്കെ അവിടെയാണ് താമസിക്കുന്നത്.
നമുക്കുള്ള ടെന്റുകൾ വൃത്തിയാക്കുന്നെ ഉള്ളൂ.
4 ബാത്റൂമുകൾ ഉണ്ട് ഇവിടെ എല്ലാർക്കും കൂടി ഉപയോഗിക്കുന്നതിന്...
പരിമിതികൾ ഏറെയുണ്ട്. എന്നാൽ ഈ മലമുകളിൽ ഇത്രയും സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത് തന്നെ ഭാഗ്യമായി കരുതണം. വൈദ്യുതി ഉപയോഗം സോളാറിലാണ്. ക്യാമ്പ് ഫയർ നടത്തുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഈ ഉച്ചവെയിലിലും ഇളം തണുപ്പ് ഫീൽ ചെയ്യുന്നു. തണുത്ത കാറ്റ് വീശുന്നുണ്ട്. ചുറ്റിനും ഉയർന്നു നിൽക്കുന്ന മലകൾക്ക് മീതെ യുക്കാലി മരങ്ങൾ നിരയിട്ട് നിൽക്കുന്നത് കാണാം....
സുന്ദര കാഴ്ചകൾ....
ഉച്ചക്കുള്ള ആഹാരം ഇവിടുന്നാണ്. ഫ്രൈഡ് റൈസും വെജ് കറിയും തയ്യാറായിട്ടുണ്ട്. എടുത്തു കഴിച്ചു. വിദേശികൾ ഉൾപ്പടെ. അവർക്കുള്ള ഭക്ഷണം പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. അത് പുറത്ത് തയ്യാറാക്കിയിട്ടുള്ള പ്രത്യേക ഷെഡിൽ വച്ചു നൽകുന്നു.
ഞാൻ ഭക്ഷണം കഴിച്ച് കൈ കഴുകാൻ പോകുമ്പോൾ അതാ കിടക്കുന്നു ഒരു മദാമ്മ തറയിൽ... ചവിട്ടികൂട്ടാതെ വിട്ടത് ഭാഗ്യം.... ട്രെക്കിങ് കഴിഞ്ഞു ക്ഷീണിച്ചു കിടക്കുന്നതാണെന്ന് മനസ്സിലായി.
ഭക്ഷണം കഴിച്ച് ടെൻറ്റിൽ ബാഗും വച്ചു കുറിഞ്ഞി വെള്ളച്ചാട്ടം കാണാൻ പോകാൻ തയ്യാറായി... രണ്ടു കിലോമീറ്റർ നടക്കാൻ ഉണ്ട് അങ്ങോട്ട്....
പതിയെ നടന്ന് തുടങ്ങി. വരി വരിയായി. ക്യാമ്പിലെ ജീവനക്കാരനായ കുമാർ നമുക്കൊപ്പം നടക്കുന്നുണ്ട്. അദ്ദേഹം തമിഴ് കലർന്ന മലയാളത്തിൽ, അല്ല മലയാളം കലർന്ന തമിഴിൽ ഓരോ കഥകൾ പറയുന്നുണ്ട്.... ലഹരി മണക്കുന്നുണ്ട് വല്ലാതെ,
മനോഹരമായ പിങ്ക് പൂക്കളുള്ള മരത്തെ കാണിച്ചു "റെഡോഡെട്റോൺ" എന്ന് പരിചയപ്പെടുത്തി. നേപ്പാളിന്റെ ദേശീയ പുഷ്പമായ ഇവ സൗത്ത് ഇന്ത്യയിൽ ഇവിടെ മാത്രമാണ് ഉള്ളത്. വിവിധതരം മരങ്ങളും ചെടികളും, ചീവീടിന്റെ ഒച്ച, മൃഗങ്ങളുടെ കാൽപാടുകൾ... ഓരോന്നും കണ്ട് നടന്നു.
പലരും യാത്രക്ക് സഹായികളായി വടികൾ ഉപയോഗിക്കുന്നു.
കുന്നിൻ ചരുവിലൂടെ കയറാനും ഇറങ്ങാനും അവ സഹായകമാകും. നടപ്പ് തുടർന്നു.
യുക്കാലി മരങ്ങൾക്കിടയിലൂടെ തെളിയുന്ന ഒറ്റയടിപ്പാത.
ഒരു വശത്തു അഗാധമായ താഴ്‌വാരം. അതിനുമക്കരെ മാനം മുട്ടി നിൽക്കുന്ന കുന്നുകൾ. കുന്നുകൾക്ക് മീതെ വഴി തെളിച്ചിരിക്കുന്നു. കുറച്ചു നടന്നപ്പോൾ തന്നെ വെള്ളച്ചാട്ടം കാണാനാകുന്നുണ്ട്. വളഞ്ഞും തിരിഞ്ഞും കയറിയും ഇറങ്ങിയും നടന്ന് മുന്നോട്ട്. യുക്കാലിപ്റ്റസ് ചെടികളുടെ തളിരില നുള്ളി മണപ്പിക്കുമ്പോൾ ഉച്വാസങ്ങൾക്ക് ഒരു കുളിർമ്മ. അതിലേറെ കുളിരും ഉന്മേഷവും കുറിഞ്ഞി ഫാൾസ് കണ്ടപ്പോൾ ഉണ്ടായി. ഷൂ ഊരിവച്ചു വെള്ളത്തിലേക്ക് ഇറങ്ങി. മുകളിലൂടെ ഒഴുകി വന്ന് നിരപ്പായ പാറക്കെട്ടിലൂടെ ഒഴുകി താഴെ അഗാധതയിൽ പതിക്കുന്ന മനോഹരിയാണ് കുറിഞ്ഞി. എന്നാൽ സുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ലാത്ത അവൾക്ക് വന്യതയുടെ മറ്റൊരു മുഖം കൂടിയുണ്ട്. പൊക്കുവെയിൽ ഇളം ചൂടിൽ കുളിരുകൊരുന്ന തെളിനീരിലേക്ക് ഇറങ്ങി നടന്നു. വഴുക്കുന്നുണ്ട്. ശ്രദ്ധ വേണം....
ഓരോരുത്തരും കുളിക്കാൻ തയ്യാറായി തന്നെയാണ് വന്നത്. ഈ തണുപ്പിൽ കുളി എനിക്ക് അന്യമാണ്. മുഖം കഴുകി ഞാനും ഉന്മേഷവാനായി. പാറക്കെട്ടിൽ ഇരുന്നും നനഞ്ഞും നനച്ചും കുറച്ചു സമയം. 4 മണിയോടെ തിരിച്ചു നടത്തം തുടങ്ങി. ചിലരെങ്കിലും അൽപനേരം കൂടി അവിടെ തങ്ങാൻ ആഗ്രഹിക്കുന്നുണ്ട്. അത്രക്ക് മനോഹരമാണ് ആ അനുഭവം. എന്നാൽ കാടിന് മറ്റൊരു മുഖം കൂടിയുണ്ട്. ഇരുൾ പെട്ടെന്ന് മൂടും. അതിന്റെ വന്യതയും....
പലരും മുന്നേ നടന്നു. പിന്നാലെ നമ്മളും. നമുക്ക് പിന്നിലും ഉണ്ട് നിരവധിയാളുകൾ.
ക്യാമ്പിൽ എത്തി അവിടെ പുറത്തെ മരത്തൂണുകൾ കൊണ്ട് ഭിത്തി നിർമിച്ച വിശ്രമകേന്ദ്രത്തിൽ ഇരുന്നു. ഒരുവശത്തെ ഇരിപ്പിടം പൊളിഞ്ഞു കിടക്കുകയാണ്.
എവിടെനിന്നോ എന്നിലേക്ക് തണുപ്പിന്റെ ആവരണം വന്നു മൂടുന്ന പോലെ.
സൂര്യൻ പടിഞ്ഞാറേ കോണിൽ ആകാശത്തിന് ഓരോരോ വർണ്ണങ്ങൾ നൽകുകയാണ്. അവിടെ കുന്നിന് മുകളിൽ നിരയിട്ട് നിൽക്കുന്ന മരങ്ങൾക്ക് ഇടയിൽ മഞ്ഞപൂശിക്കഴിഞ്ഞു.
ഇത്രയേറെ മനോഹരമായ ഒരു സായാഹ്നകാഴ്ച ഇനിയുണ്ടാകുമോ എന്നറിയില്ല.
തണുപ്പ് ഓരോ രോമകൂപങ്ങളിലും അരിച്ചിറങ്ങുന്നു. ജാക്കറ്റ് ഇടാതെ പറ്റില്ല. ടെൻറ്റിൽ പോയി ജാക്കറ്റ് എടുത്തിട്ടു. ക്യാമ്പിൽ കട്ടൻ കാപ്പിയും ബിസ്‌ക്കറ്റും ഉണ്ട്. അവിടെ പോയി അത് കഴിച്ചു. ടെൻറ്റിൽ വന്ന് കിടന്നു. ഇരുൾ വീണു തുടങ്ങി.
തണുപ്പ്... വല്ലാതെ തണുക്കുന്നു...
ക്യാമ്പ് ഫയർ തുടങ്ങാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
തീനാളങ്ങൾ ഉണർന്നു. ജാക്കറ്റിനുള്ളിൽ നിന്നും പുറത്തെടുത്ത കൈകൾ ചൂട് പകരാനായി കനലുകൾക്ക് മീതെ നീട്ടിപിടിച്ചു. നേർത്ത സംഗീതത്തിന്റെ ചടുലതാളം സിരകളിൽ ചൂട് പകർന്നു. പാട്ടും നൃത്തവും തുടർന്നുകൊണ്ടേയിരുന്നു. ക്യാമ്പിലെ മറ്റു ടീമംഗങ്ങളും പങ്കാളികളായി.
അന്തരീക്ഷത്തിൽ പറന്നുയർന്ന തീനാളങ്ങൾ പോലെ മനസ്സിൽ ഒരുപാട് സന്തോഷം മിന്നി മറയുന്നുണ്ട്. ഈ യാത്ര ജീവിതത്തിൽ നൽകുന്ന ഊർജം, അത് വീണ്ടും കുറെയേറെ ദൂരം മുന്നോട്ട് പോകാൻ പ്രാപ്തമാക്കുന്നതാണ്...
ആട്ടവും പാട്ടും പതിയെ തണുപ്പിൽ മുങ്ങിപ്പോയി... എല്ലാവരും അങ്ങിങ്ങു കൂടി നിന്ന് ചൂടുള്ള ചർച്ചകൾ ആരംഭിച്ചു. 8 മണി കഴിഞ്ഞു. ആഹാരം കഴിക്കാൻ ഓരോരുത്തരും അക്ഷമയോടെ കാത്തിരുന്നു. ശരീരത്തിന്റെ ഓരോ അണുവിലും തണുപ്പ് അരിച്ചു കയറുകയാണ്... ആഹാരം കിട്ടിയിരുന്നെങ്കിൽ കഴിച്ചിട്ട് ടെന്റിൽ ചുരുണ്ടുകൂടാൻ മനസ്സ് വല്ലാതെ ആഗ്രഹിച്ചു. സ്ലീപ്പിങ് ബാഗ് ഒട്ട് തന്നുമില്ല. അത് കിട്ടിയിട്ട് വേണം കിടക്കാൻ.
സായിപ്പിനും മദാമ്മക്കും ഉള്ള ബ്രെഡും ജാമും മറ്റും എടുത്തുകൊണ്ടു പോകുന്നുണ്ട്. നമുക്ക് ഗീ റൈസും ചപ്പാത്തിയും ചിക്കൻ കറിയും ഒക്കെ ആണ്. വരാൻ വൈകും. ചിക്കൻ കറി ആകുന്നെ ഉള്ളൂ. ക്ഷമ വേണം സമയമെടുക്കും. സാധനങ്ങൾ വരാൻ വൈകിയതാണ് ഫുഡ് ലേറ്റാകാൻ കാരണമത്രേ,
ഫുഡ് ഇല്ലെങ്കിൽ വേണ്ട സ്ലീപ്പിങ് ബാഗ് കിട്ടിയാൽ മതി എന്ന മട്ടായി പലർക്കും. അക്ഷമ കൂടി കൂടി വന്നു. രാധാകൃഷ്ണൻ സാറിന്റെ ഉള്ളിൽ നിന്നും ആ വിളി ഇടയ്ക്കിടയ്ക്ക് കേട്ടുകൊണ്ടിരുന്നു. "ഉല്ലാസേ... "
ഒടുവിൽ ഒന്നൊന്നായി ഫുഡ് വന്ന് തുടങ്ങി. ഗീ റൈസ്, ഹാഫ് കുക്ക്ഡ് വെജിറ്റബിൾ സാലഡ്, വെജ് കറി, ചപ്പാത്തി.... ചിക്കൻ വരാൻ പിന്നെയും വൈകും. കിട്ടിയത് കുറച്ചു കഴിക്കാൻ തയ്യാറായി എല്ലാരും. ഗീ റൈസ് നെയ്യുടെ അതിപ്രസരം കൊണ്ട് എനിക്ക് ഒട്ടുമേ കഴിക്കാൻ തോന്നിയില്ല. ഉപ്പില്ലാത്ത പുഴുങ്ങിയ പച്ചക്കറിക്കും ചപ്പാത്തിക്കും വെജ് കറിക്കും തണുപ്പിനോട് പൊരുതി തോൽക്കാനായിരുന്നു വിധി. എന്തൊക്കെയോ കഴിച്ചെന്നു വരുത്തി കൈകഴുകി വരുമ്പോൾ സ്ലീപ്പിങ് ബാഗുകൾ നൽകാൻ തുടങ്ങിയിരുന്നു. ഒരെണ്ണം കയ്യിൽ എടുത്ത് ടെൻറ്റിലേക്ക് നടന്നു.
ടെന്റിന് പുറത്തു നിന്ന് ആകാശത്തേക്ക് ഒന്ന് നോക്കി. എത്ര മനോഹരം...
നക്ഷത്രങ്ങൾ വാരി വിതറിയ ഇരുണ്ട ആകാശം...
ഇങ്ങനെയുള്ള മാനം കണ്ടിട്ട് എത്രയോ നാളുകൾ ആകും.
നോക്കാത്തതാണോ കാണാത്തതാണോ കാണാൻ നേരമില്ലാത്തതാണോ എന്നറിയില്ല. തിരക്കേറിയ ഈ ജീവിതത്തിൽ മനോഹരമായ പലതും മിസ്സാവാൻ തുടങ്ങിയിട്ട് നാളുകൾ എത്രയോ ആയി. അതൊക്കെ കാണാൻ ഈ മലമുകളിൽ വന്ന് നിൽക്കേണ്ടി വന്നു.
സൈലന്റ് വാലിയുടെ താഴ്‌വാരയിൽ അങ്ങിങ്ങു കുഞ്ഞു പ്രകാശങ്ങൾ കാണാം.... എത്ര നേരം അങ്ങനെ നിന്ന് എന്നറിയില്ല. ഹെഡ്സെറ്റിലൂടെ എം ജി യുടെ നാദം... "ഇനിയെന്നു കാണും സഖീ... ഇനിയെന്നും കാണും നമ്മൾ..." ആഹാ...
സ്ലീപ്പിങ് ബാഗ് തുറന്ന് അതിനുള്ളിൽ കിടന്നു. കയ്യിലുണ്ടായിരുന്ന പുതപ്പും ടവ്വലും എടുത്ത് അടുത്ത് വച്ചു. സിബ് പാതി വലിച്ചിട്ടു. ആ കൊടിയ തണുപ്പിലും സ്ലീപ്പിങ് ബാഗിനുള്ളിൽ അത്യാവശ്യം താപനില നിലനിർത്തുന്നുണ്ട്. പാട്ടുകൾ കാതിൽ മാറി മാറി വന്നു... തണുപ്പ് കൂടിക്കൂടി വന്നു....
പതിയെ കണ്ണിൽ ഉറക്കവും വന്നു....
പാതി ഉറക്കത്തിൽ ടെന്റിലെ സഹയാത്രികൻ അജി സാർ ആരോടോ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു.
ഈ ഇരുളിൽ...
ഈ തണുപ്പിൽ...
ഈ മലമുകളിൽ....
നക്ഷത്രങ്ങൾക്ക് കീഴെ
രോമകൂപങ്ങളിൽ... അരിച്ചിറങ്ങുന്ന മഞ്ഞിൻ കണങ്ങൾക്കിടയിൽ...
ഈ ഏകാന്തതയിൽ...
എല്ലാ ബന്ധങ്ങളിൽ നിന്നും അകന്ന്....
ഉള്ളിലുള്ളതൊന്നും പറയാനാകാതെ,
നിശബ്ദനായി... പ്രകൃതിയിൽ അലിഞ്ഞ്....
അങ്ങനെ.... ഞാൻ...
ഉണർന്നും ഉറങ്ങിയും ആ രാത്രി....
പുലർച്ചെ നാലുമണിക്ക് അലാറം വിളിച്ചുണർത്തുന്നതിനു അഞ്ചു മിനിറ്റ് മുന്നേ ഉണർന്നെണീറ്റ് പ്രഭാത കൃത്യങ്ങൾ കഴിഞ്ഞു റെഡി ആയി ട്രക്കിങ്ങിനുള്ള സാധനങ്ങൾ കുഞ്ഞു ബാഗിലാക്കി ടെന്റിൽ നിന്നും പുറത്തിറങ്ങി....
ഓരോരുത്തരും റെഡിയായി വന്നു. കട്ടനും ബിസ്കറ്റും ബ്രെഡും ജാമും ഒക്കെ തയ്യാറാണ്. ആവശ്യത്തിന് കഴിച്ചു. ജീപ്പ്കൾ പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു. എഴെട്ട് കിലോമീറ്റർ യാത്ര ചെയ്ത് സൺറൈസ് പോയിന്റിന് അടിവാരത്തെത്തി 900 മീറ്റർ ഉയരത്തിലുള്ള മല കയറി വേണം സൺറൈസ് പോയിന്റിൽ എത്താൻ.
ജീപ്പ് പുറപ്പെട്ടു. മുന്നിൽ എനിക്ക് സീറ്റ് കിട്ടി. മൺ വഴികളും കോൺക്രീറ്റ് പാതകളും കല്ല് വീഥികളും കടന്നു ഇരുളിനെ പകുത്ത്... പ്രകാശം വിതറി ജീപ്പ് പായുകയാണ്... ഈ സമയം കറക്റ്റ് ആണെന്നും സൂര്യോദയം കാണാൻ മനോഹരമാണെന്നും മലയാളം കലർന്ന തമിഴിൽ ഡ്രൈവർ പറയുന്നുണ്ട്. ആകാശം തെളിയുകയാണ്. മുന്നിലെ വലിയ മലയെ നോക്കി ഡ്രൈവർ പറഞ്ഞു....
"അതുക്ക് മേലെതാ സൺറൈസ് പായിന്റ്... അന്ത മല കയറുമ്പോ യതാവത് പ്രച്ചനെ ഇരുന്താ തിരുമ്പി വന്തിട്... പ്രച്ചനെ ഇല്ലമ ഏരിട്ടാ അന്ത മീശപുലിമലക്കും പോക മുടിയും. ഇന്തമാതിരി ഒമ്പോത് മല യേറണം...
വണ്ടി കീളെ താ ഇരിപ്പ്... പോക മൂടിയലേനാ തിരുമ്പിവന്തിട്. പ്രചന ഇല്ലയെ... ആനാ മല ഏരിട്ട് തിരുമ്പി വര മൂടിയലേ... പോണ വഴിയിലെ തിരുമ്പി വരക്കൂടാത്...."
എത്ര ദൂരമുണ്ട് എന്ന ചോദ്യത്തിന് "യെട്ട് കിലോമീറ്റർ ഇരുക്ക്..." എന്നായിരുന്നു മറുപടി.
ഉള്ളിൽ ഒരു ഭീതി നിറഞ്ഞു. മുഴുമിക്കാനാകാതെ മടങ്ങേണ്ടി വരുമോ എന്ന് വല്ലാതെ ഭയന്നു.
അവസാന
ഫോറെസ്റ്റ് ക്യാമ്പ് ആയ റാഡോമാൻഷനു സമീപം ജീപ്പ് എത്തി. സമീപത്തെ വഴിയിലൂടെ മുകളിലേക്ക് കയറാൻ പറഞ്ഞു.
പരപരാ വെളുക്കുന്നെ ഉള്ളൂ. മലമുകളിൽ കാറ്റിൽ ഒഴുകിപോകുന്ന കോടമഞ്ഞിനെ കാണാം... ഇരുന്നൂറ് മീറ്റർ കഴിഞ്ഞു...
കിതപ്പും തണുപ്പും കാറ്റും, ശ്വാസം എടുക്കാൻ നന്നേ ബുദ്ധിമുട്ടി. പിന്നിൽ വന്നവർ നമ്മളെ കടന്നുപോയി. മുന്നേ പോയവർ അങ്ങിങ്ങു നിന്ന് ക്ഷീണമകറ്റുന്ന കാഴ്ച കാണാം. കയറിയിട്ടും തീരാത്ത മല. മുകളിലേക്ക് എത്തുംതോറും കാറ്റും തണുപ്പും കൂടി വന്നു.
അങ്ങ് ആനമുടി കാണാൻ തുടങ്ങി. തെളിയുന്ന,
ചുവന്ന ആകാശത്തിന് ചുവട്ടിൽ വെള്ളിയാംകല്ല്പോലെ തിളങ്ങുന്ന ആനമുടി.
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി.
മുകളിൽ എത്തി
മീശപ്പുല്ലിന് മീതെ പറ്റിയ ജലകണികകളെ പറത്തി കാറ്റ് വീശിക്കൊണ്ടയിരുന്നു.
ചുവന്നു തുടങ്ങിയ ആകാശത്തിന് കീഴെ 360 ഡിഗ്രിയിൽ മലകൾ... മലമടക്കുകൾക്കിടയിൽ ഭൂമിയെ മറച്ചു മേഘകടൽ.... കാറ്റിൽ അലിഞ്ഞു പോകുന്ന കോടമഞ്ഞ്....
കുറച്ചു ചിത്രങ്ങൾ എടുത്തു. അതാ മീശപുലിമലക്ക് അപ്പുറത്ത് കിഴക്കേ കോണിൽ നിന്നും ഒരാൾ തല ഉയർത്തിവരുന്നു. ആ കാഴ്ച കണ്ടു ഞാൻ ഉറക്കെ കുക്കിവിളിച്ചു... കാറ്റിൽ ആ ശബ്ദം പറന്നെങ്ങോ പോയി...
സൂര്യന്റെ ചുവന്നവട്ടം കാണാൻ ആകുന്നില്ല. മേഘക്കടലിനു മീതെ പൊൻപ്രഭ വാരിവിതറി. പ്രായാധിക്യത്താൽ തണുത്തു വിറങ്ങലിച്ച കൈവിരലുകൾ വലിച്ചു നിവർത്തി നോക്കുകയായിരുന്നു ദിവ്യ ടീച്ചർ. എല്ലാവരും ഈ മനോഹര കാഴ്ചയെ കണ്ണിലും മനസ്സിലും ക്യാമറയിലും നിറയ്ക്കുകയായിരുന്നു.
എത്രനേരം ആ കാഴ്ച കണ്ടു നിന്ന് എന്നറിയില്ല.
വെയിൽ മലകൾക്ക് മീതെ വീണു കിടക്കുന്നു...
ആ മലമുകളിലൂടെ വരയിട്ട പോലെ വഴി തെളിഞ്ഞു കിടക്കുന്നു. ആവഴിക്ക് പിന്നാലെ ഒന്ന് കണ്ണോടിച്ചു... അതങ്ങനെ നീണ്ടു നിവർന്നു മലമുകളിലൂടെ ഒന്നിൽ നിന്ന് ഒന്നിലേക്ക് പൊയ്‌കൊണ്ടിരുന്നു....
അങ്ങോട്ടാണ് ഇനി നമ്മുടെ യാത്ര....
ട്രെക്കിങ് ആരംഭിച്ചിരുന്നു... വരിവരിയായി മലയിറങ്ങി... കാട്ടുചോല കടന്നു അടുത്ത മല കയറണം. കുത്തനെയുള്ള മലയിറങ്ങാൻ ഒരു വടിയോ ട്രക്കിങ് സ്റ്റിക്കോ അത്യാവശ്യമാണ്. മീശപ്പുല്ലുകൾക്കിടയിലൂടെ മനുഷ്യൻ നടന്നു തെളിച്ച ചരൽ വഴികളാണ്. ശ്രദ്ധയോടെ ഇറങ്ങിയില്ലെങ്കിൽ വീഴും. ഗ്രിപ്പുള്ള ഷൂ ആയത് കൊണ്ട് ഞാൻ വളരെ ശ്രദ്ധിച്ചു ഇറങ്ങി തുടങ്ങി... ആരെയും കാത്തുനിന്നില്ല. നടന്നുതുടങ്ങിയ പുരുഷാരത്തിനൊപ്പം ഞാനും നടന്നു. പിള്ളേരുടെ സംഘം പാട്ടും പാടി പോകുന്നുണ്ട്.
വരിയുടെ തുടക്കത്തിലുള്ളവർ ചോല കടന്നു അടുത്ത മലയിലേക്ക് എത്തി. പിന്നിലേക്ക് നോക്കി... ദിവ്യ ടീച്ചറും റീജയും സുരേഷ് ബാബു സാറും കുറച്ചു പിന്നിലാണ്... മനോജ് സാറും സംഘവും വളരെ പിന്നിലാണ്... ഗായത്രി ടീച്ചറും സോമി ടീച്ചറും കുറച്ചുപേരും മുന്നിലാണ്...
ആദ്യ മലയിറങ്ങി കാട്ടുചോല ചാടിക്കടന്നപ്പോൾ കാലിന്റെ മസിൽ പിടിക്കാൻ തുടങ്ങി. ഇനിയങ്ങോട്ട് കയറ്റമാണ്... തട്ട് തട്ടുകളായി ഓരോ മലയും കയറികയറി വേണം മുന്നോട്ട് പോകാൻ. നടത്ത സാവധാനമാക്കി. കുറച്ചുദൂരം നടന്ന്, ഇടക്ക് നിന്ന് അല്പം വിശ്രമിച്ചു ശ്വാസം എടുത്ത്, കിതപ്പടക്കി വേണം മുന്നോട്ട് പോകാൻ... അതാണ് ഉചിതം എന്ന് മനസ്സിലാക്കി വേണം പോകാൻ. അല്ലെങ്കിൽ ട്രെക്കിങ് പൂർത്തിയാക്കാൻ കഴിയാതെ വരും.
രണ്ടാമത്തെ മലയുടെ മുകളിലെത്തി...
അങ്ങിങ്ങു നീലക്കുറിഞ്ഞി ചെടികൾ.... 12 വർഷത്തിൽ ഒരിക്കൽ മാത്രം പുഷ്പിക്കുന്ന കുറിഞ്ഞി ചെടികൾ അങ്ങിങ്ങു പൂത്തു നില്കുന്നു. കൂടെ വന്നവരെ വിളിച്ചു കാണിച്ചു. അവർക്ക് അതിശയം...
അവസാനം നീലക്കുറിഞ്ഞി പൂത്തത് 2018 ൽ അല്ലേ... പിന്നെങ്ങനെ...
ഓരോ ചെടിയും പല പ്രായത്തിൽ ഉള്ളവയാണ്. ഒരിക്കൽ പുഷ്പിച്ചാൽ പിന്നെ 12 വർഷം കഴിഞ്ഞേ ആ ചെടി പുഷ്പിക്കൂ.
2022 ൽ കള്ളിപ്പാറയിൽ നിറയെ പൂക്കൾ ഉണ്ടായിരുന്നു. അന്ന് അത് കാണാൻ മൂന്നാർ ബി ടി സി യുടെ സൈറ്റ് സീയിങ് ബസിലാണ് പോയത്. അതായിരുന്നു എന്റെ ആദ്യ ബി ടി സി യാത്രയും...
ഒരുവശത്തു വിശാലമായ താഴ്‌വാരം... അങ്ങ് ദൂരെ ആനയിറങ്കൽ ഡാമിന്റെ റിസർവോയർ കാണാം.
കൊളുക്കുമല വഴിയുള്ള ട്രെക്കിങ് വന്നപ്പോൾ അന്നും ആനയിറങ്കൽ ഡാമിന്റെ വ്യൂ കണ്ടിരുന്നു.
പിന്നിൽ വന്ന പലരും എന്നെ കടന്നു പോയി... മലയുടെ ഇടതു ഭാഗത്തായി ചെറിയ ഒരു തടാകം. ചെമ്പ്ര പീക്കിലെ ഹൃദയതടാകം പോലെ....
ദിവ്യ ടീച്ചറും റീജയും ടീമും നടന്നു ഒപ്പമെത്തി...
മലകൾ ഒന്നൊന്നായി കടന്നു പോകുകയാണ്... നാലാം മലയുടെ മുകളിൽ വച്ചു വിശ്രമിക്കുകയായിരുന്ന ഗായത്രി ടീച്ചറിനെയും സോമി ടീച്ചറിനെയും കടന്നു നമ്മൾ മുന്നോട്ട്. ആദ്യമായി ഒരു ടീമിനെ പിന്നിലാക്കി എന്നാ ചാരിതാർഥ്യത്തോടെ ഞാൻ നടന്നു... 🤣🤣
ഇനിയങ്ങോട്ട് ഉയരം കൂടിക്കൂടി വരികയാണ്. 3 മലകൾ കൂടി കയറണം മീശപുലിമലയുടെ നെറുകയിൽ എത്താൻ.
സമയം 8 മണി കഴിഞ്ഞു. കയ്യിൽ കരുതിയ ചൂടുവെള്ളം ഇടക്ക് സിപ്പ് ചെയ്ത് കുടിക്കുന്നുണ്ട്.
മലക്കയറ്റം തുടർന്നു. 50 സ്റ്റെപ്പ് വീതം എണ്ണിക്കൊണ്ട് കയറി, വിശ്രമിച്ചു, വീണ്ടും കയറുന്ന സ്ട്രാറ്റജി ഞാൻ പുറത്തെടുത്തു. മണ്ണിലേക്ക് നോക്കി കയറി... മുകളിലേക്ക് നോക്കി കയറിയാൽ ദൂരം കൂടി വരുന്നപോലെ തോന്നും.
"അല്പം ഇരുന്നു റെസ്റ്റ് എടുത്തു പോകാം" സുരേഷ് ബാബു സാർ പറഞ്ഞു. അദ്ദേഹം ഇരുന്നു വിശ്രമിക്കുകയാണ്. എല്ലാവരും നടത്ത വേഗം കുറച്ചു. അങ്ങിങ്ങു നിന്നും ഇരുന്നും വിശ്രമിച്ചു. ഞാൻ ചുറ്റിനും ഒന്ന് കണ്ണോടിച്ചു.
മനോജ് സാറും കൈരളി മാഡവും ആശ ചേച്ചിയും ലീന മാഡവും അടങ്ങുന്ന സംഘം നാലാമത്തെ മലയുടെ മുകളിലൂടെ സാവധാനം വരുന്നത് കാണാം... മനു സാറും ടീമും നമുക്ക് താഴെ മല കയറുന്നു.
വീണ്ടും നടപ്പ് തുടർന്നു.
അങ്ങനെ ആറാമത്തെ മലയുടെ മുകളിൽ എത്തുമ്പോൾ കുറച്ചു പേര് സംഘങ്ങളായി വിശ്രമിക്കുന്നു. അവരെ കടന്ന് ഏഴാമത്തെ ചെറിയ മലയും കടന്നു മാനം മുട്ടി നിൽക്കുന്ന മീശപുലിമലയിലേക്ക്....
നെറുകയിലേക്ക്....
മനുഷ്യന് ട്രക്ക് ചെയ്ത് ചെന്നെത്താവുന്ന കേരളത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയുടെ മുകളിൽ ആണിപ്പോൾ.
വല്ലാത്ത അനുഭൂതി, മനോഹരമായ കാഴ്ച, സിരകളിൽ ഉന്മാദം,
മലയുടെ ഒരു ഭാഗത്തു മേഘങ്ങൾക്ക് കീഴെ ഭൂമി. ഒരു വശത്തു വിശാലമായ താഴ്‌വാരം, മലനിരകൾ...
ചെങ്കുത്തായ ചരിവാണ് ഒരു വശത്ത്. മലമുകളിൽ നിന്ന് ഒരു വശത്തേക്ക് നോക്കിയാൽ കൊളുക്കുമല കാണാം. പണ്ട് അവിടെ നിന്നും സൂര്യോദയം കണ്ട് മീശപുലിമല കേറിയതും സിംഹത്തിന്റെ തലയുടെ ആകൃതിയുള്ള പാറക്ക് കീഴ് പോയിനിന്നതും ഓർമയിൽ വന്നു...
യാത്രയ്ക്കിടയിൽ മനു സാറിന്റെ വിവരണം കേട്ടപ്പോൾ അന്ന് വന്ന മീശപ്പുലിമലയും ഇപ്പോൾ പോകുന്ന മീശപ്പുലിമലയും രണ്ടാണ് എന്നൊരു ചിന്ത വന്നിരുന്നു. എന്നാൽ ഇവിടെ വന്ന് ഈ കാഴ്ച കാണുമ്പോൾ അന്ന് കൊളുക്കുമല വഴി വന്ന മീശപ്പുലിമലയും ഇന്ന് 8 കിലോമീറ്റർ ട്രക്ക് ചെയ്തു വന്ന മീശപ്പുലിമലയും ഒന്നുതന്നെയാണ് എന്ന് ബോധ്യപ്പെട്ടു.
കാറ്റും മേഘങ്ങളും മീശപ്പുല്ലും മലനിരകളും.... അങ്ങനെ കുറെ നേരം അവിടെ ചെലവഴിച്ചു. ഇത്രയും ദൂരം നടന്നു വന്നതിന്റെ ക്ഷീണമോ ബുദ്ധിമുട്ടുകളോ ഒന്നും തന്നെ ഇപ്പോൾ മനസ്സിൽ ഇല്ല. ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചകളിൽ ഒന്ന് കണ്ടതിന്റെ അനുഭൂതി മാത്രമാണ് മനസ്സിൽ... എത്ര മനോഹരമാണ് ഈ ഭൂമി....
മടങ്ങാനുള്ള സമയമായി. ഇപ്പോൾ നടന്നു തുടങ്ങിയാലേ 11.30 ഓടെയെങ്കിലും റാഡോ മാൻഷന് സമീപമുള്ള ബേസ് ക്യാമ്പിൽ എത്താൻ കഴിയൂ. താഴവരയിലൂടെ പലരും നടന്നു പോകുന്നുണ്ട്. വഴി തെളിഞ്ഞു കാണാം. വന്ന വഴിയല്ല മടങ്ങേണ്ടത്. താഴ് വാരത്തിലൂടെ നടന്ന് അകലെ കാണുന്ന മലകയറി ഇറങ്ങി വേണം ജീപ്പ് പാർക്ക് ചെയ്തിരിക്കുന്ന റാഡോ മാംസന് സമീപത്തേക്ക് എത്തിച്ചേരാൻ. നടത്ത ആരംഭിച്ചു. കേറി വന്നതിനേക്കാൾ ബുദ്ധിമുട്ടാണ് ഇറങ്ങിപ്പോകാൻ. ഇറങ്ങിപ്പോകുന്ന മലയുടെ ഒരു സൈഡിൽ അഗാധമായ കൊക്കയാണ്. കാൽ തെറ്റിയാൽ പൊടി പോലുമില്ല കണ്ടുപിടിക്കാൻ എന്ന അവസ്ഥയാണ്. വളരെ സൂക്ഷിച്ച് ശ്രദ്ധയോടെ വേണം ഇറങ്ങാൻ. ഇറങ്ങിപ്പോകാൻ വടി അല്ലെങ്കിൽ ട്രക്കിംഗ് സ്റ്റിക്ക് എത്രത്തോളം ആവശ്യമാണ് എന്നത് ഇവിടെ ഇറങ്ങുമ്പോൾ കൂടുതൽ മനസ്സിലാകും. കുറച്ചു ദൂരം ഇറങ്ങി. അജി സാർ മാത്രമാണ് കൂടെ ഉള്ളത്. മറ്റുള്ളവർ ആരും നടന്ന് തുടങ്ങിയിട്ടില്ല.
നമ്മളിതെത്ര കണ്ടതാ " എന്ന മട്ടിൽ പട്ടാളക്കാരന്റെ മെയ വഴക്കത്തോടെ ഹർഷ കുമാർ സർ കടന്നുപോയി.
നമ്മൾ നടത്ത തുടർന്നു.
ചെന്നൈയിൽ ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന ഒരു അഞ്ചു പയ്യന്മാരും രണ്ടു സുന്ദരിമാരും അടങ്ങുന്ന തമിഴ് സംസാരിക്കുന്ന ടീം ബഹളമുണ്ടാക്കി പിന്നാലെ വരുന്നുണ്ട്. കുറച്ചു അവരോട് സംസാരിച്ചുകൊണ്ട് നടന്നു.
"എങ്കെ വർക്ക് പൻറെ..."
ഏതൊ ഒരു കമ്പനിയുടെ പേര് പറഞ്ഞ്. അറിയാം എന്നപോലെ ഞാൻ തലയാട്ടി.
അവർ നമ്മളെ പിന്നിലാക്കി കടന്നു പോയി.
മലയിറങ്ങി. ഇനി കുറച്ചു ദൂരം നിരപ്പായ പ്രദേശമാണ്. ഉയരത്തിൽ മീശപ്പുല്ലുകൾ വളർന്നു കിടക്കുന്ന വഴിയുടെ ഒരു വശത്തു ചതുപ്പാണ്. അവിടെ പ്രത്യേകതരം സസ്യങ്ങൾ കാണപ്പെടുന്നു. നാഷണൽ ജിയോഗ്രാഫിക് ചാനലിലൊക്കെ കാണുന്ന ആഫ്രിക്കൻ വനന്തരങ്ങളിലെ പുൽമെടുകളെ ഓർമ്മിപ്പിക്കുന്ന ഭൂപ്രകൃതി. ചതുപ്പിൽ വെള്ളം കുടിക്കാൻ എത്തുന്ന ചെറു ജീവികളെ മറഞ്ഞിരുന്നു വേട്ടയാടുന്ന വന്യജീവികളുടെ വീഡിയോകൾ കണ്ടത് പെട്ടെന്ന് ഓർമ വന്നു. ചുറ്റും ഒന്ന് കണ്ണടിച്ചു. നമ്മൾ അവരെ കാണുന്നില്ലെങ്കിലും അവർ നമ്മളെ കാണുന്നുണ്ടാകും.
താഴ്‌വാരത്തിലെ പൈൻമര തണലിൽ അൽപനേരം വിശ്രമിച്ചു. കയ്യിലുണ്ടായിരുന്ന വെള്ളം തീർന്നു. ഇനിയുമുണ്ട് ദൂരം.
പതിയെ നടപ്പ് തുടർന്നു. വഴി വ്യക്തമാകുന്നില്ല. വളർന്നു കിടക്കുന്ന പുല്ലിനെ വകഞ്ഞുമാറ്റി നടന്നു. ചെന്നൈ ടീം ഒരു അരുവിക്ക് സമീപം നിന്ന് മുഖം കഴുകി നടന്നുപോകുന്നത് കണ്ടു.... അവിടെയെത്തി. കണ്ണാടിപോലെ തെളിനീര്... ഞാനും മുഖം കഴുകി. എന്താ തണുപ്പ്... റിഫ്രഷ് മൂഡ്... അജിസാർ അല്പം പിന്നിലാണ്.
ഓറഞ്ച് നിറത്തിൽ, വീണുകിടക്കുന്ന തടികൾക്കിടയിൽ
മാജിക് മഷ്‌റൂം...
ഉന്മാദത്തിന്റെ ഗിരിസൃങ്കങ്ങളിൽ മനുഷ്യന്റെ ഓർമ്മയെ ഒരു പഞ്ഞിക്കെട്ട് പോലെ എത്തിക്കുന്ന പ്രകൃതിയുടെ ലഹരി....
മാജിക് മഷ്‌റൂം....
അതാകണം...
ചെളിയിൽ കാൽ പുതയുന്ന ചതുപ്പിലൂടെ ശ്രദ്ധിച്ചു നടന്നു. വേട്ടയാടലിന്റെ ശേഷിപ്പുകൾ കാണാനായി...
അങ്ങ് കാണുന്ന മലമുകളിലെ മരങ്ങൾക്ക് ഒരു സ്വിറ്റ്സർലാൻഡ് പ്രതീതി. അങ്ങിങ്ങു വളർന്നു നിൽക്കുന്ന സ്ഥൂപിതാഗ്രിത പൈൻ മരങ്ങൾ, പുൽമേട്...
വീണ്ടും കയറ്റം ആരംഭിച്ചു. മുന്നിൽ കോട്ട പോലെ നിൽക്കുന്ന മല കയറിയാൽ തീർന്നു എന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചാണ് വന്നത്. എന്നാൽ പ്രതീക്ഷകൾ ആസ്ഥാനത്താണ്. മല പകുതി കയറി ഒരു മരക്കഷണത്തിൽ കുറച്ചു സമയം ഇരുന്നു. അജിസറും എത്തി വിശ്രമിച്ചു. ദിവ്യ ടീച്ചറും റീജയും അടങ്ങുന്ന ഒരു സംഘം കുറച്ചു താഴെയെത്തി. ദിവ്യ ടീച്ചർ ഒന്നിച്ചു പോകാം എന്ന് പറയുന്നുണ്ടായിരുന്നു. അതിനു ചെവി കൊടുക്കാതെ മുന്നോട്ട് നടന്നു. മല കയറി ചുറ്റും നോക്കി... ഒന്നും ആയിട്ടില്ല. അങ്ങ് ദൂരെ മലമുകളിൽ റാഡോ മാൻഷൻ കണ്ടു.
ഒരു സംഘം കന്നഡക്കാർ അവിടെ വിശ്രമിക്കുന്നുണ്ട്. അവരോട് സംസാരിച്ചു. കർണാടകത്തിലെ ചിത്രദുർഗ എന്ന സ്ഥലത്തുനിന്നും വന്നവരാണ്. പാക്കേജ് ടൂർ. പാക്കേജിന്റെ ടി ഷർട്ട് ഉണ്ട്. നടന്നു ക്ഷീണിച്ചതിനെ കുറിച്ചാണ് അവർ പറയുന്നത്. ഞാൻ ചോദിച്ചു,
"ഹൗ മച് ഡിസ്റ്റൻസ് വി കവർ". അവരുടെ കോഡിനേറ്ററുടെ മറുപടി "എറൌണ്ട് എയിറ്റ് കിലോമീറ്റർസ്".
കുറഞ്ഞത് ഒരു കിലോമീറ്റർ ഇനിയും നടന്നാലെ അവിടെ എത്തൂ. ഇത് തീരുന്നില്ലല്ലോ എന്ന് പിറുപിറുത്തുകൊണ്ട് നടപ്പ് തുടർന്നു. വരയാടുകളുടെ സംരക്ഷണ മേഖല ആണെന്നുള്ള ബോർഡ് കണ്ടു. താഴേക്ക് നടക്കുമ്പോൾ ഇടതുവശത്തു മാനം മുട്ടെ നിൽക്കുന്ന മലയുടെ അടിവാരത്തു പാറക്കെട്ടിൽ വിശ്രമിക്കുന്ന വരയാടിനെ കണ്ടു. പുൽപരപ്പിനിടയിലൂടെ നടന്നു താഴെ ചെക്ക് ഡാമിന് സമീപം എത്തി. ഒരു ഗൈഡ് അവിടെ ഇരിപ്പുണ്ട്. ചെന്നൈ സെൻതമിഴ് ടീമും. ഇനി പൈൻ മരക്കാടുകൾ ആണ്. ഇളംവെയിലിലും മനോഹരമായ കുളിർമ്മ. കടന്നുവന്ന വഴികളിലേക്ക് ഒന്നുകൂടി തിരിഞ്ഞുനോക്കി നടന്നു. അനന്തവിഹായസ്സിൽ ജെറ്റ് ഓടിച്ചുകളിക്കുന്ന വൈമാനികർ. പൈൻ മരങ്ങൾക്കിടയിലൂടെയുള്ള ചെറിയ കയറ്റം കയറിചെല്ലുന്നത് റാഡോ മാൻഷന് സമീപത്തെക്കാണ്. അവിടെ എത്തി. ഒരു ഹോസിലൂടെ തണുത്തവെള്ളം പുറത്തേക്ക് ഒഴുകുന്നു. അവിടെ ചെന്നു കയ്യും മുഖവും കഴുകി. വഴിയിൽ സംസാരിച്ച കന്നഡക്കാരൻ കൈകാട്ടി വിളിച്ചു. താഴെയായി കാന്റീൻ ഉണ്ടെന്നു മനസ്സിലാക്കി അങ്ങോട്ട് നടന്നു. ചൂടുവെള്ളം കിട്ടി ഒരു കട്ടനും. പിന്നീടാണ് മനസ്സിലായത് അദ്ദേഹം കൈകാട്ടി വിളിച്ചത് എന്നെ ആയിരുന്നില്ല എന്നും ഈ കാന്റീൻ റാഡോ മാൻഷനിലെ താമസക്കാർക്ക് ഉള്ളതാണ് എന്നും. കാന്റീൻ അണ്ണനോട് സംസാരിച്ചു. അദ്ദേഹം ഒരു കട്ടൻ കൂടി ഒഴിച്ചുതന്നു. അതും കുടിച്ചു പുറത്തിറങ്ങുമ്പോൾ ദിവ്യടീച്ചറും സംഘവും എത്തി. അവരോടൊപ്പം ജീപ്പിൽ കയറി ബേസ് ക്യാമ്പിലേക്ക് പുറപ്പെട്ടു.
കുടുങ്ങി കുടുങ്ങി ജീപ്പ് താഴേക്ക് വരികയാണ്. മുൻ സീറ്റിൽ ഇരുന്ന ഞാൻ കൈ നീട്ടി സൈഡിലെ യുക്കാലി ചെടികളുടെ തളിരിലകൾ നുള്ളി ഞെരടി മണപ്പിച്ചുകൊണ്ടിരുന്നു. ഓരോരുത്തരും കടന്നുവന്ന മായക്കാഴ്ചയുടെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടിരുന്നു...
രാവിലേ പോയതിനേക്കാൾ ദൂരമുണ്ട് തിരിച്ചെത്താൻ എന്ന് തോന്നി. കൈകാലുകൾക്ക് ഒരു മരവിപ്പ് പോലെ.... ആദ്യ ദിവസം ക്യാമ്പിൽ വന്ന മദാമ്മ തറയിൽ കിടന്നത് എന്തുകൊണ്ടണ് എന്ന് ഇപ്പോൾ മനസ്സിലാകുന്നുണ്ട്. അധികം താമസിയാതെ ബേസ് ക്യാമ്പിൽ എത്തി.
ഭക്ഷണം തയ്യാറാണ് അവിടെ. പുട്ടും കടലക്കറിയും ചോറും സാമ്പാറും ബീറ്റ്റൂട്ട് തോരനും ഒക്കെയുണ്ട്. പഴവും. പുട്ടും കടലയും ഒരു പിടിപിടിച്ചു. നടന്നു ക്ഷീണിച്ചതുകൊണ്ടാണോ എന്നറിയില്ല പുട്ടും കടലയും നല്ല സ്വാദുണ്ടായിരുന്നു. രണ്ടാമതും എടുത്ത് കഴിച്ച