16/02/2026
ഇന്ത്യാ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് അംഗീകാരം നൽകി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഉത്തരവ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒമാൻ സന്ദർശന വേളയിൽ അന്തിമമാക്കിയ വ്യാപാര ഉടമ്പടിക്ക് ഇതോടെ ഔദ്യോഗിക അംഗീകാരമായി. ഭരണഘടനാ നടപടിക്രമങ്ങൾക്കനുസൃതമായി കരാർ നടപ്പിലാക്കുന്നതിന് ഇതുവഴി തീരുമാനമാകും. സാമ്പത്തിക സഹകരണം കൂടുതൽ ആഴത്തിലാക്കാനും വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്താനും തന്ത്രപരമായ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും സഹായിക്കുന്നതാണ് കരാർ. ഒമാന്റെ സാമ്പത്തിക വൈവിധ്യവൽക്കരണ തന്ത്രത്തിനും ഗൾഫ് പങ്കാളികളുമായുള്ള ഇന്ത്യയുടെ വളർന്നുവരുന്ന ഇടപെടലിനും കരാർ മുതൽക്കൂട്ടാകും. ഉൽപ്പാദനം, സേവനങ്ങൾ, ലോജിസ്റ്റിക്‌സ്, സാങ്കേതികവിദ്യ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ വിപണി പ്രവേശനം വർധിപ്പിക്കുന്നതിനും വ്യാപാര തടസ്സങ്ങൾ കുറയ്ക്കുന്നതിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ കരാർ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഊർജ്ജം, അടിസ്ഥാന സൗകര്യങ്ങൾ, ഭക്ഷ്യസുരക്ഷ, പ്രവാസി തൊഴിൽ ശക്തി എന്നീ മേഖലകളിൽ സുൽത്താനേറ്റുമായി ശക്തമായ ബന്ധം പുലർത്തുന്ന ഇന്ത്യ ഒമാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ്.